
യാത്രാക്കൂലിയെ ചൊല്ലിയുണ്ടായ തർക്കം റോഡിലെ കയ്യാങ്കളിയിൽ കലാശിച്ചു. ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ട് മൂന്നാം സെക്ടറിലാണ് ഓട്ടോ ഡ്രൈവറും ഒരു സംഘം യുവതികളും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
'ഘർ കെ കലേഷ്' എന്ന എക്സ് അക്കൗണ്ടിലൂടെയാണ് സംഘർഷത്തിന്റെ വിഡിയോ പുറത്തുവന്നത്. യാത്രാക്കൂലിയെ ചൊല്ലിയാണ് ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായതെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
റോഡരികിൽ ആരംഭിച്ച വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇരുവിഭാഗവും പരസ്പരം മർദിക്കുന്നതും ഏറെനേരം സംഘർഷം തുടരുന്നതും വിഡിയോയിൽ കാണാം. സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്റൊരു യുവതി ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
സംഭവത്തിൽ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതികളുമായി പൊലീസ് ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി നൽകണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ യുവതികൾ ഒരു ദിവസം കൂടി സമയം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
അതേസമയം, ഓട്ടോ ഡ്രൈവറെയും പൊലീസ് കണ്ടെത്തി മൊഴിയെടുത്തു. യുവതികൾ ഓട്ടോയിൽ യാത്ര ചെയ്തശേഷം കൂലിയെ ചൊല്ലി തർക്കമുണ്ടായെന്നാണ് ഡ്രൈവറുടെ മൊഴി.
യുവതികൾ മദ്യലഹരിയിലായിരുന്നുവെന്നും തന്നെ അസഭ്യം പറഞ്ഞെന്നും യാത്രാക്കൂലി നൽകാൻ തയ്യാറായില്ലെന്നുമാണ് ഡ്രൈവറുടെ ആരോപണം. യുവതികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പരാതി ലഭിച്ച ശേഷം സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Kalesh b/w a Group of Girls and Auto Driver over Fare issues, HSR Layout Bengaluru https://t.co/gNAxhfVs93
— Ghar Ke Kalesh (@gharkekalesh) September 29, 2026










